Society Today
Breaking News

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക നയ  രൂപീകരണ വിദഗ്ധ സംഘമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്(എന്‍സിഎഇആര്‍), 'ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ  സാമൂഹിക-സാമ്പത്തിക ആഘാത വിലയിരുത്തല്‍' റിപ്പോര്‍ട്ട് പുറത്തിറക്കി. ഡോ പൂനം ഗുപ്ത, ഡോ സുദീപ്‌തോ മുണ്ടില്‍, ഡോ ഗുരുചരണ്‍ മന്ന, ആര്‍ സി എം റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് പഠനം അവതരിപ്പിച്ചത്.ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ,  അവരുടെ തൊഴില്‍ രീതികള്‍, വരുമാനം, തൊഴില്‍ അന്തരീക്ഷം എന്നിവയ്ക്കാണ് ഈ സര്‍വേ പ്രാധാന്യം നല്‍കുന്നത്.35 വയസില്‍ താഴെ  പ്രായമുള്ള യുവ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും അവരുടെ സമയം ഉല്‍പാദനപരമായി ഉപയോഗപ്പെടുത്തുന്നതിനും ഭക്ഷ്യവിതരണ പ്ലാറ്റ് ഫോമുകള്‍ സഹായിച്ചു എന്നതാണ് ഈ സര്‍വേയിലെ ശ്രദ്ധേയായ കണ്ടെത്തലുകളില്‍ ഒന്ന്. കൂടാതെ, ഈ പ്ലാറ്റ്‌ഫോമുകളിലെ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും തങ്ങളുടെ ജ•നാട്ടില്‍ ജോലി ചെയ്യാന്‍ അവസരം ലഭ്യമാക്കുന്ന തരത്തില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

ദൈര്‍ഘ്യമേറിയ ഷിഫ്റ്റുകളില്‍  തിരഞ്ഞെടുക്കുന്ന 65 ശതമാനം തൊഴിലാളികളും തങ്ങളുടെ മുന്‍ ജോലികളില്‍ നിന്ന് സമ്പാദിച്ചതിന് തുല്യമോ അല്ലെങ്കില്‍ ഉയര്‍ന്നതോആയ വരുമാനം നേടുന്നു. കുറഞ്ഞ വര്‍ക്ക് ഷിഫ്റ്റുകള്‍ തിരഞ്ഞെടുക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ മൊത്തം വരുമാനത്തിന്റെ 45 ശതമാനം ഭക്ഷ്യ വിതരണ പ്ലാറ്റ് ഫോമുകളില്‍ നിന്നാണ് ലഭിയ്ക്കുന്നതെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമുകളിലെ  തൊഴിലാളികളുടെ, പ്രത്യേകിച്ച് അവരുടെ തൊഴിലിന്റെ മിശ്രസ്വഭാവം കണക്കിലെടുത്ത്,  സാമൂഹ്യ സുരക്ഷാ പിന്തുണ വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. എന്‍സിഎഇആര്‍ വിപുലമായി നടത്തുന്ന മൂന്ന് ഭാഗങ്ങളുള്ള ഗവേഷണ പരിപാടിയുടെ ആദ്യത്തേതാണ് ഈ റിപ്പോര്‍ട്ട്. ഇതിനായി ഇവര്‍ ഒരു ചട്ടക്കൂട് വികസിപ്പിച്ചെടുത്തു.

2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 28 നഗരങ്ങളിലായി ഒരു കമ്പനിയില്‍ നിന്നുള്ള 924 ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോം തൊഴിലാളികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. നിലവില്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്നവരും വിട്ടുപോയവരും 11 മണിക്കൂര്‍ നീണ്ട ഷിഫ്റ്റില്‍,  അഞ്ച് മണിക്കൂറില്‍ കുറഞ്ഞ ഷിഫ്റ്റില്‍,  വാരാന്ത്യങ്ങളില്‍ മാത്രം,  പ്രത്യേക ദിവസങ്ങള്‍ മാത്രം എന്നിങ്ങനെ പല സമയത്ത്, പല ഷിഫ്റ്റുകളില്‍ ജോലി ചെയ്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രോസസ് ആണ് സര്‍വേയ്ക്കുള്ള ധനസഹായം ലഭ്യമാക്കിയത്. ശ്രദ്ധേയമായ സാമ്പത്തിക മാറ്റങ്ങളാല്‍ സവിശേഷമായ ഈ കാലഘട്ടത്തില്‍, ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ സാമൂഹിക-സാമ്പത്തിക ആഘാത വിലയിരുത്തല്‍ നയരൂപീകരണത്തിനും നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് എന്‍സിഎഇആര്‍ പ്രൊഫ.ഡോ ബോര്‍നാലി ഭണ്ഡാരി അഭിപ്രായപ്പെട്ടു.ആഗോള തലത്തില്‍ വികസിക്കുന്ന മേഖലയായതിനാല്‍ ഈ പഠനം നിലവിലുള്ള നയങ്ങളെയും പുതിയ നയ രൂപീകരണത്തെയും സമ്പുഷ്ടമാക്കുമെന്നും പ്രൊഫ.ഡോ ബോര്‍നാലി ഭണ്ഡാരി അഭിപ്രായപ്പെട്ടു.

Top